ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് ഐശ്വര്യ റായും സുസ്മിത സെന്നും. ഇരുവർക്കും നിറയെ ആരാധകരാണുള്ളത്. രണ്ടു പേരും സിനിമയിലെത്തുന്നത് സൗന്ദര്യറാണി പട്ടം നേടിയാണ്. 1994 ലെ മിസ് വേൾഡ് പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നതെങ്കിൽ അതേ വർഷം തന്നെ മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായാണ് സുസ്മിതയുടെ കടന്നു വരവ്.
ലോക സൗന്ദര്യ മത്സരങ്ങൾ കീഴടക്കും മുമ്പ് ഐശ്വര്യയും സുസ്മിതയും മിസ് ഇന്ത്യയാകാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 1994 ൽ ഐശ്വര്യയും സുസ്മിതയും മുഖാമുഖം മത്സരിച്ചു. ഐശ്വര്യ വിജയിക്കുമെന്ന് കരുതിയിടത്ത് സുസ്മിതയായിരുന്നു വിജയകിരീടം ചൂടിയത്.
ഐശ്വര്യയും സുസ്മിതയും മത്സരിച്ച മിസ് ഇന്ത്യയുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുകയാണ് പരസ്യ ചിത്രകാരനായ പ്രഹ്‌ളാദ് കക്കർ. അന്ന് തന്റെ സുഹൃത്തായ ഐശ്വര്യയ്ക്ക് പിന്തുണയറിയിക്കാനായി എത്തിയതായിരുന്നു പ്രഹ്‌ളാദ്. എന്നാൽ പിന്നീട് പ്രഹ്‌ളാദിന് വിതുമ്പി കരയുകയായിരുന്ന സുസ്മിതയെ ആശ്വസിപ്പിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിനും ആ നിമിഷം തുടക്കം കുറിച്ചു.
''അവർ മിസ് ഇന്ത്യയിൽ പങ്കെടുത്തപ്പോൾ ഞാൻ ഐശ്വര്യയുടേയും അമ്മയുടേയും കൂടെ ഗോവയിലുണ്ടായിരുന്നു. എനിക്ക് ചേഞ്ചിംഗ് റൂമിന്റെ ആക്‌സസ് ഉണ്ടായിരുന്നതിനാലാണ് സുസ്മിതയെ കണ്ടത്. മത്സരത്തിന്റെ പകുതിയ്ക്ക് വച്ച് മുറിയുടെ ഒരു മൂലയ്ക്കിരുന്ന് കരയുന്ന സുസ്മിതയെ ഞാൻ കണ്ടു. എതിർ ഗ്രൂപ്പിലെ ആളായിരുന്നുവെങ്കിലും എന്താണ് പ്രശ്‌നമെന്ന് ഞാൻ അവളോട് ചോദിച്ചു. 'എല്ലാം ഒത്തുകളിയാണ്, എല്ലാം മൂൻകൂട്ടി നിശ്ചയിച്ചതാണ്, ഞങ്ങളിവിടെ എന്താണ് ചെയ്യുന്നത് എന്നു പോലും ഞങ്ങൾക്ക് അറിയില്ല' എന്ന് പറഞ്ഞ് അവൾ കരഞ്ഞു'' പ്രഹ്‌ളാദ് പറയുന്നു.
''ഐശ്വര്യ വലിയ മോഡലാണ്, ഇതിലും വലിയ മോഡലാകാൻ പോകുന്നയാളാണ്. ഞങ്ങളെല്ലാവരും തുടക്കക്കാർ മാത്രമാണ്. അതിനാൽ അവളായിരിക്കും മിസ് ഇന്ത്യയെന്ന് അവർ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. ഞങ്ങളിവിടെ വെറുതെ വന്നിരിക്കുകയാണ് എന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ അവളുടെ അടുത്തിരുന്ന് ആശ്വസിപ്പിച്ചു. നീ ജഡ്ജിങ് പാനലിനെ കണ്ടോ? സിമിയോൺ ടാറ്റയുണ്ട്. ഓർഗനൈസേഴ്‌സ് പറയുന്നത് അവർ കേൾക്കില്ല. അവർ ന്യായമായി തന്നെയാകും വിധിക്കുക എന്ന് ഞാൻ പറഞ്ഞു. അത് തന്നെയാണ് സംഭവിച്ചതും, സുസ്മിത വിജയിച്ചു'' എന്നും അദ്ദേഹം പറയുന്നു.
വളരെ ശക്തമായ മത്സരമായിരുന്നു ഐശ്വര്യയും സുസ്മിതയും തമ്മിൽ അന്ന് നടന്നത്. ഫലം നിശ്ചയിക്കാനാകാതെ വിധികർത്താക്കൾ ഒരു റൗണ്ട് കൂടി നടത്തി. ഒടുവിൽ അവസാന റൗണ്ടിൽ സുസ്മിതയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ചോദ്യോത്തര റൗണ്ടിൽ ഐശ്വര്യയേക്കാൾ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സാധിച്ചതാണ് സുസ്മിതയെ വിന്നറാക്കിയതെന്നും പ്രഹ്‌ളാദ് പറയുന്നു.