പ്രണയസാഫല്യം; 'ടൂറിസ്റ്റ് ഫാമിലി' സംവിധായകൻ വിവാഹിതനായി
ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു 'ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അഭിഷൻ ജീവിന്ത് ആണ് സിനിമ സംവിധാനം ചെയ്തത്. അഭിഷന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു വസതിയിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
തന്റെ പ്രണയിനിയായ അഖില ഇളങ്കോവനാണ് വധു. ടൂറിസ്റ്റ് ഫാമിലി സിനിമയുടെ പ്രി റിലീസ് ചടങ്ങിനിടെ, തന്റെ പ്രണയിനിയായ അഖില ഇളങ്കോവനെ പ്രൊപ്പോസ് ചെയ്ത അഭിഷന്റെ വിഡിയോ വൈറലായിരുന്നു. അന്ന് ആ ചടങ്ങിൽ പറഞ്ഞ അതേ ദിവസം തന്നെയാണ് അഭിഷ് താലി ചാർത്തിയത്.
പ്രേക്ഷകർക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും മുന്നിൽ വച്ചു നടത്തിയ വിവാഹാഭ്യർഥന അഖിലയ്ക്കും ഒരു ഞെട്ടലായിരുന്നു. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ശിവകാർത്തികേയൻ, ശശികുമാർ, എം.എസ്. ഭാസ്കർ, സിമ്രാൻ, അനശ്വര രാജൻ, സൗന്ദര്യ രജനികാന്ത് എന്നിവർ അതിഥികളായി എത്തി.
പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രശംസിച്ച സിനിമകളിൽ ഒന്നായിരുന്നു ടൂറിസ്റ്റ് ഫാമിലി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കോടികൾ കൊയ്ത്തിരുന്നു. വിവാഹ സമ്മാനമായി ടൂറിസ്റ്റ് ഫാമിലിയുടെ നിർമാതാവ് അഭിഷിന് കാർ നൽകിയിരുന്നു.
അതേസമയം, ഇതേ സംവിധായകൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളി നടി അനശ്വര രാജനാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.