Unni Mukundan: തനിക്കെതിരെ സിനിമയില്‍ ഗൂഢാലോചന; മാനേജറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ജാമ്യം തേടി
ഇന്നലെയാണ് ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്നു ആരോപിച്ച് മാനേജറായിരുന്ന ചങ്ങനാശേരി സ്വദേശി വി.വിപിന്‍ കുമാര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
Unni Mukundan: മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ നടന്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നല്‍കിയതെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറഞ്ഞു.
ഇന്നലെയാണ് ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്നു ആരോപിച്ച് മാനേജറായിരുന്ന ചങ്ങനാശേരി സ്വദേശി വി.വിപിന്‍ കുമാര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിപിന്റെ ആരോപണങ്ങള്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
പരാതിക്കാരന്‍ മുന്‍പ് തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീര്‍ത്തികരവും വ്യാജവുമായ പ്രസ്താവനകള്‍ പ്രചരിപ്പിച്ചെന്നും പല പ്രമുഖര്‍ക്കെതിരെയും നടിമാര്‍ക്കെതിരെയും ഇയാള്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അതിനെ തുടര്‍ന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് നിലവിലെ പരാതിയെന്നും ഉണ്ണി പറയുന്നു. സിനിമ മേഖലയിലെ തന്റെ എതിരാളികള്‍ക്കൊപ്പം ചേര്‍ന്നാണ് വിപിന്‍ ഈ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. സിനിമയ്ക്കു അകത്തും പുറത്തും ഉള്ളവരുടെ ചില പിന്തുണ വിപിനു ലഭിക്കുന്നുണ്ട്. താന്‍ മര്‍ദ്ദിക്കാതെ അത്തരത്തിലൊരു പരാതി നല്‍കിയത് മനപ്പൂര്‍വ്വം മാനഹാനി വരുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.