കാന്താര അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നവരോട് ഋഷഭിന് പറയാനുള്ളത്
2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ പുറത്തിറങ്ങിയത്.
ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 256 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ കളക്ട് ചെയ്തത്. 2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ പുറത്തിറങ്ങിയത്.
ദക്ഷിണ കര്‍ണാടകയിലെ അനുഷ്ഠാനകലയായ ഭൂതക്കോലവും അതുമായി ബന്ധപ്പെട്ടുള്ള കഥയുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. കാന്താര എന്ന ചിത്രം അന്ധവിശ്വാസങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നെന്ന തരത്തില്‍ ചില വിമര്‍ശനങ്ങള്‍ റിലീസിന്റെ സമയത്ത് ഉയര്‍ന്നിരുന്നു. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി.
"അത്തരം വിമര്‍ശനങ്ങള്‍ എന്തായാലും വരുമെന്ന് ഉറപ്പാണ്. വിശ്വാസമുള്ളവര്‍ക്ക് ഈ സിനിമയിലെ കാര്യങ്ങള്‍ കാണുമ്പോള്‍ പോസിറ്റീവായി അനുഭവപ്പെടും. അല്ലാത്തവര്‍ക്ക് ചിത്രം നെഗറ്റീവായേ തോന്നുള്ളൂ. ഒരിക്കലും പക്ഷാപാതപരമായിട്ടല്ല ഈ സിനിമ ചെയ്തത്. വിശ്വാസികള്‍ക്ക് വേണ്ടിയാണോ, അവിശ്വാസികള്‍ക്ക് വേണ്ടിയാണോ ഈ സിനിമ ചെയ്തതെന്ന് ഒരിക്കലും പറയില്ല. ഞങ്ങളുടെ വിശ്വാസമെന്താണോ അതില്‍ ഞാന്‍ അടിയുറച്ച് നില്‍ക്കുന്നു.
എന്റെ കുടുബവുമായി കണക്ഷനുള്ള വിഷയമാണത്. ദൈവവും, ദേവസ്ഥാനം പോലുള്ള കാര്യങ്ങള്‍ പണ്ടുമുതലേ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നമുക്ക് മുകളില്‍ എല്ലാ കാലത്തും ഒരു എനര്‍ജി നമ്മളെ കാത്തു രക്ഷിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിച്ചുപോരുന്നത്. അതേ വിശ്വാസം എല്ലാവര്‍ക്കുമുണ്ടാകും. ആളുകളും പല രീതിയിലാണ് ആ എനര്‍ജിയെ കണക്കാക്കുന്നത്. അതിനെക്കുറിച്ച് ഞാന്‍ അധികം ആലോചിക്കാറില്ല.
വിശ്വാസമില്ലാത്തവരുടെ പോയിന്റ് ഓഫ് വ്യൂവിനെ ഞാന്‍ അംഗീകരിക്കുന്നു. അതിനോട് ബഹുമാനവുമുണ്ട്. അതേ പോലെ എന്റെ വിശ്വാസത്തെയും നിങ്ങള്‍ ബഹുമാനിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. വിശ്വാസമില്ലായ്മയും ഒരു തരത്തില്‍ വിശ്വാസം തന്നെയാണ്".- ഋഷഭ് ഷെട്ടി പറഞ്ഞു.