ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട് പരമ്പരയില്‍ ടീം 1-0 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കവെയാണ് രണ്ടാം ടെസ്റ്റില്‍ 4ന് 105 എന്ന നിലയില്‍ പതറിയ ടീമിനെ കരകയറ്റാനുള്ള ദൗത്യം കണക്കിലെടുക്കാതെ പന്ത് എതിരാളികള്‍ക്ക് വിക്കറ്റ് സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സനെതിരെ കീസ് വിട്ട് സിക്‌സടിക്കാന്‍ ശ്രമിക്കുന്നതിനിടെ കീപ്പര്‍ കെയ്ന്‍ വെറെയ്‌നെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. അനവസരത്തില്‍ വിക്കറ്റ് നഷ്ടമാക്കി എന്ന് മാത്രമല്ല റിവ്യൂ അവസരം എടുക്കുകയും ആ റിവ്യൂ താരം നഷ്ടമാക്കുകയും ചെയ്തു. സാഹചര്യം എന്തെന്ന് കണക്കിലെടുക്കാതെയുള്ള പന്തിന്റെ ആക്രമണശൈലിയെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
അങ്ങനെയൊരു ഷോട്ടിന്റെ ആവശ്യം എന്തായിരുന്നു?, 4 വിക്കറ്റ് നഷ്ടപ്പെട്ടിരുക്കുമ്പോള്‍ ആ സാഹചര്യം നായകന് മനസിലാക്കാന്‍ പറ്റുന്നില്ലെ?, കണ്ടം ക്രിക്കറ്റാണെന്നാണോ വിചാരം?, ആ പന്ത് ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായിട്ടും എന്തിനാണ് റിവ്യൂ നഷ്ടമാക്കിയത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.