ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 201 റണ്‍സിന് പുറത്തായി ഇന്ത്യ. നേരത്തെ ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ വിജയം നിര്‍ണായകമായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്ങ്‌സില്‍ സെനുരാന്‍ മുത്തുസ്വാമിയുടെ സെഞ്ചുറിയുടെയും മാര്‍ക്കോ യാന്‍സന്റെ 93 റണ്‍സ് പ്രകടനത്തിന്റെയും മികവില്‍ 489 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കെതിരെ മാര്‍ക്കോ യാന്‍സന്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ 83.5 ഓവറില്‍ 201 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ നിരയില്‍ 58 റണ്‍സുമായി യശ്വസി ജയ്‌സ്വാളും 48 റണ്‍സുമായി വാഷിങ്ങ്ടണ്‍ സുന്ദറും തിളങ്ങിയെങ്കിലും കുല്‍ദീപ് യാദവ് മാത്രമാണ് ഇന്നിങ്ങ്‌സില്‍ നൂറിലേറെ പന്തുകള്‍ നേരിട്ടത്. ജയ്‌സ്വാള്‍ 97 പന്തില്‍ 58 റണ്‍സും വാഷിങ്ങ്ടണ്‍ സുന്ദര്‍ 92 പന്തില്‍ 48 റണ്‍സുമാണ് നേടിയത്. 134 പന്തുകള്‍ നേരിട്ട കുല്‍ദീപ് യാദവ് 3 ബൗണ്ടറികള്‍ സഹിതം 19 റണ്‍സാണ് സ്വന്തമാക്കിയത്.
നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 4 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിരുന്നു. 122 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലുണ്ടായിരുന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ 200 കടത്തുന്നതില്‍ നിര്‍ണായകമായിരുന്നു കുല്‍ദീപിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ 6 വിക്കറ്റും സൈമണ്‍ ഹാര്‍മര്‍ 3 വിക്കറ്റും വീഴ്ത്തി.