ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. മത്സരത്തില്‍ പരാജയം നേരിടുകയാണെങ്കില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ 2 തവണ തുടര്‍ച്ചയായി പരാജയപ്പെടുക എന്ന നാണക്കേടാണ് ഇന്ത്യന്‍ സംഘത്തെ തുറിച്ചുനോക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്പിന്‍ ബൗളിങ്ങാണ് ഇത്രയും കാലം ഇന്ത്യയെ ഹോം ഗ്രൗണ്ടിലെ മേധാവിത്വത്തിന് സഹായിച്ചതെങ്കില്‍ അതിനെ മറികടക്കാന്‍ വിദേശ ടീമുകള്‍ പഠിച്ചതും സ്പിന്നിനെതിരെ പതറുന്ന യുവബാറ്റര്‍മാരുടെ വലിയ നിരയുമാണ് ഇന്ത്യന്‍ പരാജയങ്ങള്‍ക്ക് പിന്നിലെ വലിയ കാരണം.
അതേസമയം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ പോലെ പല താരങ്ങള്‍ക്കും കൃത്യമായ റോള്‍ ഡിഫൈന്‍ ചെയ്ത് നല്‍കാത്തതും ടെസ്റ്റിലെ പരാജയങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യന്‍ ട്രാക്കുകളില്‍ സമീപകാലത്തായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള വാഷിങ്ങ്ടണ്‍ സുന്ദറിനെ സമീപകാലത്തായി പല റോളുകളിലാണ് ഇന്ത്യ കളിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങിയ സുന്ദര്‍ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുന്നത് എട്ടാം സ്ഥാനക്കാരനായാണ്.
കഴിഞ്ഞ 3 ടെസ്റ്റുകളില്‍ അഞ്ചാമനായും എട്ടാമനായും ഒമ്പതാമനായും സുന്ദര്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. വിരാട് കോലിയും ചേതേശ്വര്‍ പുജാരയും നല്‍കിയിരുന്ന ബാലന്‍സിന് പകരം വെയ്ക്കാന്‍ പുതിയ താരങ്ങളെ കണ്ടെത്താന്‍ ഇതുവരെയും സാധിക്കാത്ത അവസ്ഥയിലാണ് ടീമിലെ ഈ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റങ്ങള്‍. സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്ന താരമായിട്ടും ബാറ്റിംഗ് ഓര്‍ഡറില്‍ എന്തുകൊണ്ട് വാഷിങ്ങ്ടണ്‍ സുന്ദര്‍ താഴെ വരുന്നു എന്ന അത്ഭുതം മാത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോഴുള്ളത്.