ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെനുരാന്‍ മുത്തുസ്വാമിയുടെ സെഞ്ചുറിയുടെയും മാര്‍ക്കോ യാന്‍സന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 489 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും നല്‍കിയതെങ്കിലും ഒരൊറ്റ വിക്കറ്റ് വീണതോടെ മുന്‍നിര തകര്‍ന്നടിഞ്ഞു.
ടീം സ്‌കോര്‍ 68ല്‍ നില്‍ക്കെയാണ് 22 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ കേശവ് മഹാരാജ് പുറത്താക്കിയത്. ടീം സ്‌കോര്‍ 95ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളിനെ സൈമണ്‍ ഹാര്‍മര്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ സായ് സുദര്‍ശനെയും വീഴ്ത്തിയ ഹാര്‍മര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു. 97 പന്തില്‍ 58 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 105 റണ്‍സിന് 5 വിക്കറ്റുകളെന്ന നിലയിലാണ് ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ധ്രുവ് ജുറല്‍, ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് യാന്‍സന്‍ സ്വന്തമാക്കിയത്. നേരത്തെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. സമനിലയിലായാല്‍ പോലും പരമ്പര നഷ്ടമാകുമെന്നിരിക്കെ രണ്ടാം ടെസ്റ്റിലെ പരാജയം ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലകസ്ഥാനത്തിനും ഭീഷണിയായേക്കും.