ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നാണ്‍ നിലവില്‍ ടീം ഇന്ത്യ. ഐപിഎല്ലിലെ നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യ ഐപിഎല്ലിന്റെ വരവോടെയാണ് കുട്ടിക്രിക്കറ്റില്‍ രാജാക്കന്മാരായത്. 2026ലും ലോകകപ്പ് വിജയം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിനെ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള പരീക്ഷണവേദിയാകും അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്.
പുതിയ നായകനായ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെയും നേതൃത്ത്വത്തിലാകും 2026ല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക. ഏഷ്യാകപ്പില്‍ നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന പല ഇന്ത്യന്‍ താരങ്ങളും ടീമിലില്ല. യശ്വസി ജയ്‌സ്വാള്‍,മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരില്ലാതെയാണ് ഏഷ്യാകപ്പില്‍ ഇന്ത്യ ഇറങ്ങുന്നത്. അതിനാല്‍ തന്നെ ഏഷ്യാകപ്പിലെ ടീമിന്റെ പ്രകടനമാകും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുന്നതിലും നിര്‍ണായകമാവുക. ഗംഭീറിനും സൂര്യകുമാറിനും ടീമിന്റെ ശക്തി വിലയിരുത്താനും ടീം ഉടച്ചുവാര്‍ക്കാനുമുള്ള അവസരമാകും ഏഷ്യാകപ്പ്. സെവാഗ് പറഞ്ഞു.
സെപ്റ്റംബര്‍ 9നാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ആതിഥേയരായ യുഎഇക്കെതിരെ സെപ്റ്റംബര്‍ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 14നാകും നടക്കുക.