ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ഫൈനല്‍ കാണാതെ പുറത്ത്. സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. പാകിസ്ഥാന്‍ എ - ശ്രീലങ്ക എ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ ബംഗ്ലാദേശിന്റെ എതിരാളികള്‍.
നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. അവസാന പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് വേണമെന്നിരിക്കെ 3 റണ്‍സ് ഓടിയെടുത്താണ് ഇന്ത്യ കളി സമനിലയിലാക്കിയത്. എന്നാല്‍ സൂപ്പര്‍ ഓവറിലെ ആദ്യ 2 പന്തിലും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയുടെ ഇന്നിങ്ങ്‌സ് പൂജ്യത്തിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റ് ആദ്യ പന്തില്‍ തന്നെ നഷ്ടമായെങ്കിലും രണ്ടാം പന്ത് വൈഡായതോടെ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 46 പന്തില്‍ 65 റണ്‍സെടുത്ത ഓപ്പണര്‍ ഹബിബുര്‍ റഹ്‌മാന്റെ പ്രകടനമികവിലാണ് 194 റണ്‍സെടുത്തത്. 15 പന്തില്‍ 38 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും 23 പന്തില്‍ 33 റണ്‍സുമായി നായകന്‍ ജിതേഷ് ശര്‍മയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.