Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !
ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ കളിച്ചത് 19 ടെസ്റ്റ് മത്സരങ്ങള്‍
Gautam Gambhir: 2024 ജൂലൈയിലാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ എതിരാളികളില്ലാതെ നിന്നിരുന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരമദയനീയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-0 തോല്‍വി ഗംഭീറിന്റെ പരിശീലകസ്ഥാനത്തിനുള്ള ചോദ്യചിഹ്നം കൂടിയാണ്.
ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ കളിച്ചത് 19 ടെസ്റ്റ് മത്സരങ്ങള്‍. അതില്‍ ജയിക്കാനായത് ഏഴെണ്ണത്തില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ 10 മത്സരങ്ങളില്‍ തോറ്റു.
ബംഗ്ലാദേശിനെതിരെ 2-0 ജയത്തോടെയാണ് ഗംഭീര്‍ ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഇന്ത്യയില്‍ വന്ന് ന്യൂസിലന്‍ഡ് ഞെട്ടിച്ചു. 3-0 ത്തിനു ദയനീയ തോല്‍വി വഴങ്ങി. ഓസ്‌ട്രേലിയയില്‍ 3-1 നു തോല്‍വി കൂടിയായപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നങ്ങളും പൊലിഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വി ദയനീയമായിരുന്നു. ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനും തോല്‍വി വഴങ്ങി. മൂന്നാം ടെസ്റ്റില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 121 നു ഓള്‍ഔട്ട് ആയി നാണക്കേടിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റിലും തോല്‍വി.