കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി ട്രാന്‍ഷിഷന്‍ ഫേസാണെന്ന ന്യായത്തിലൂടെ മറച്ചുവെയ്ക്കാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ചേതേശ്വര്‍ പുജാര. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സില്‍ ഓളൗട്ടായ പശ്ചാത്തലത്തിലാണ് പുജാരയുടെ വിമര്‍ശനം. ജിയോസ്റ്റാറിലെ വിശകലന പരിപാടിയിലാണ് ഇന്ത്യന്‍ തോല്‍വിക്ക് ട്രാന്‍സിഷന്‍ ഘട്ടമെന്ന ന്യായീകരണം ചെലവാകില്ലെന്ന് പുജാര പറഞ്ഞത്. ഇതിനുള്ള കാരണവും പുജാര വ്യക്തമാക്കി.
ഈ ടീമിലെ താരങ്ങള്‍ക്കെല്ലാം ഫസ്റ്റ് ക്ലാസില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഈ പിച്ചുകളില്‍ കളിച്ചാണ് ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ആഭ്യന്തരക്രിക്കറ്റില്‍ റണ്‍സുകള്‍ വാരികൂട്ടിയത്. ഇന്ത്യയില്‍ തോല്‍ക്കുന്നതില്‍ ട്രാന്‍സിഷനെ പഴിക്കാനാവില്ല.ഇത്തരം ട്രാക്കുകളില്‍ നിങ്ങള്‍ക്കും എതിരാളിക്കും ഒരേ സാധ്യതയുണ്ടാകും. ഇത്തരം പിച്ചുകളില്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍,സ്‌ട്രൈക്ക് റൊട്ടേഷന്‍ എന്നിവ സംഭവിക്കണം. ആദ്യ പന്ത് മുതല്‍ തിരിയുന്ന റാങ്ക് ടര്‍ണറുകള്‍ വേണമെങ്കില്‍ ടീം അത് കളിക്കാനായി തയ്യാറെടുക്കണം. അതൊന്നും തന്നെ ഇന്ത്യന്‍ ടീമില്‍ കാണാനാവില്ല. നിങ്ങള്‍ ഇംഗ്ലണ്ടിലോ ഓസീസിലോ പോയി പരാജയപ്പെടുകയാണെങ്കില്‍ ട്രാന്‍സിഷന്‍ ഘട്ടമാണെന്ന ന്യായം ചെലവാകാം. കളിച്ചുവളര്‍ന്ന ഇന്ത്യയില്‍ ആ ന്യായം വിലപോകില്ല. പുജാര വ്യക്തമാക്കി.
അതേസമയം മത്സരശേഷം ഗൗതം ഗംഭീറിന്റെ പ്രതികരണവും ശ്രദ്ധേയമായി. ടീം ആവശ്യപ്പെട്ട പിച്ചാണ് ലഭിച്ചതെന്നായിരുന്നു ഗംഭീര്‍ വ്യക്തമാക്കിയത്. കൊല്‍ക്കത്ത ടെസ്റ്റ് തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണൂ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് നിലവില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്. നവംബര്‍ 22ന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.