ദക്ഷിണാഫ്രിക്കക്കെതിരായ ഈഡന്‍ ടെസ്റ്റില്‍ 30 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 124 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ നിര 93 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 4 വിക്കറ്റുകളുമായി സൈമണ്‍ ഹാര്‍മര്‍ തകര്‍ത്താടിയപ്പോള്‍ 26 റണ്‍സുമായി അക്ഷര്‍ പട്ടേല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ 159 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 153 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്.
ആദ്യ ഇന്നിങ്ങ്‌സില്‍ 189 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് 30 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ തുടരെ വിക്കറ്റുകള്‍ വീണിട്ടും 55* റണ്‍സുമായി നായകന്‍ തെംബാ ബവുമാ പിടിച്ചുനിന്നതോടെ സ്‌കോര്‍ 153 റണ്‍സിലെത്തിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. 4 വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെറും ഒരു റണ്‍സില്‍ തന്നെ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ വീണു. 31 റണ്‍സുമായി വാഷിങ്ങണ്‍ സുന്ദര്‍ പിടിച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആരും തന്നെ ഇന്ത്യന്‍ നിരയിലുണ്ടായില്ല. അവസാന വിക്കറ്റുകളില്‍ അക്ഷര്‍ പട്ടേല്‍ ടീമിനെ വിജയതീരത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും 93 റണ്‍സില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇന്ത്യയുടെ പരാജയം പൂര്‍ത്തിയായി. ആദ്യ ഇന്നിങ്ങ്‌സില്‍ പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. തോല്‍വിയോടെ 2 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.