സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു
ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് ജര്‍മനിയുടെ വിജയം.
സ്ലോവാക്യക്കെതിരെ 6 ഗോളിന്റെ വമ്പന്‍ വിജയവുമായി 2026ലെ ഫിഫ ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിച്ച് ജര്‍മനി. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങളില്‍ സ്ലോവാക്യയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടുകൊണ്ടാണ് ജര്‍മനി തുടങ്ങിയത്. ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് ജര്‍മനിയുടെ വിജയം.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശരാശരി പ്രകടനത്തില്‍ ഒതുങ്ങിയ ജര്‍മന്‍ ടീമിനെതിരെയും കോച്ച് ജൂലിയന്‍ നാഗല്‍സ്മാനെതിരെയും വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്ന പശ്ചാത്തലത്തിലാണ് ജര്‍മനി മത്സരത്തിനിറങ്ങിയത്. ഒരു ടീം എന്ന നിലയില്‍ ഇതാദ്യമായി സീസണില്‍ ഒന്നിച്ചു പൊരുതിയ ജര്‍മനി പടി പടിയായി കളി പിടിച്ചാണ് മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. ലക്‌സംബര്‍ഗിനെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന ജോഷ്വാ കിമ്മിച്ച് തിരിച്ചെത്തിയത് ജര്‍മന്‍ പ്രകടനത്തെ സ്വാധീനിച്ചു.
മത്സരത്തിന്റെ 18മത് മിനിറ്റില്‍ നിക്ക് വാള്‍ടര്‍മാഡെയാണ് ഗോള്‍ മഴയ്ക്ക് തുടക്കമിട്ടത്.29മത്തെ മിനിറ്റില്‍ സെര്‍ജ് ഗാബ്രി രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 36,41 മിനിറ്റുകളില്‍ ലിറോയ് സനെ ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ യുവതാരങ്ങളായ റിഡ്ല്‍ ബകു, അസ്സന്‍ വെദ്രോഗോ എന്നിവരാണ് ജര്‍മനിക്കായി ഗോളുകള്‍ നേടിയത്.
ജര്‍മനിയെ കൂടാതെ നെതര്‍ലന്‍ഡ്‌സും 2026 ലോകകപ്പില്‍ യോഗ്യത ഉറപ്പിച്ചു. ലിത്വാനിയയെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്‌സ് യോഗ്യത നേടിയത്. മോണ്ടെനെഗ്രോയെ 2-3ന് വീഴ്ത്തി ക്രോയേഷ്യയും ലോകകപ്പ് സീറ്റുറപ്പിച്ചു.