Temba Bavuma: 'അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാം ചെയ്തു, പക്ഷേ ഞങ്ങള്‍ അവരേക്കാള്‍ നന്നായി മനസിലാക്കി'; തോല്‍വിക്കു പിന്നാലെ 'കുത്ത്'
ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായത് പിച്ചിന്റെ സ്വഭാവം മനസിലാക്കി ക്ഷമയോടെ ബാറ്റ് ചെയ്ത ബാവുമയുടെ ഇന്നിങ്‌സാണ്
Temba Bavuma: കൊല്‍ക്കത്ത ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ ആതിഥേയരായ ഇന്ത്യയെ പരിഹസിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഇന്ത്യയുടെ ഇഷ്ടപ്രകാരം വിക്കറ്റ് ഒരുക്കിയിട്ടും തങ്ങള്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിച്ചു ജയിച്ചെന്ന് ബാവുമ പറഞ്ഞു.
' ഞാന്‍ മനസിലാക്കിയിടത്തോളം ഇന്ത്യയുടെ ആവശ്യപ്രകാരമുള്ള വിക്കറ്റാണ് ഒരുക്കിയിരുന്നത്. ഞങ്ങള്‍ ഇങ്ങോട്ടു വന്നു, വിക്കറ്റ് പഠിച്ചു, സ്പിന്നിനു ആനുകൂല്യമുണ്ടാകുമെന്ന് മനസിലാക്കി,' ബാവുമ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായത് പിച്ചിന്റെ സ്വഭാവം മനസിലാക്കി ക്ഷമയോടെ ബാറ്റ് ചെയ്ത ബാവുമയുടെ ഇന്നിങ്‌സാണ്. രണ്ടാം ഇന്നിങ്‌സില്‍ 136 പന്തില്‍ നിന്ന് നാല് ഫോറുകള്‍ സഹിതം 55 റണ്‍സുമായി ബാവുമ പുറത്താകാതെ നിന്നു.
നായകനെന്ന നിലയില്‍ അപൂര്‍വ നേട്ടം കൈവരിക്കാനും ബാവുമയ്ക്കു സാധിച്ചു. 11 ടെസ്റ്റ് മത്സരങ്ങളിലാണ് ബാവുമ ഇതുവരെ ദക്ഷിണാഫ്രിക്കയെ നയിച്ചിരിക്കുന്നത്. അതില്‍ 10 എണ്ണത്തിലും ജയിച്ചു. ഒരു സമനില.