ഇന്ത്യന്‍ ക്യാംപിനു ആശങ്കയായി ഹാര്‍ദിക്കിന്റെ പരുക്ക്; ഫൈനല്‍ കളിക്കില്ല?
ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കാലില്‍ ബുദ്ധിമുട്ട് നേരിട്ട ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ഏഷ്യ കപ്പ് ഫൈനലിനായി അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. സെപ്റ്റംബര്‍ 28 ഞായറാഴ്ച (നാളെ) ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ പാക്കിസ്ഥാനാണ് ഇന്ത്യക്ക് എതിരാളികള്‍.
ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കാലില്‍ ബുദ്ധിമുട്ട് നേരിട്ട ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനത്തിലേക്ക് എത്തും.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആദ്യ ഓവര്‍ എറിഞ്ഞ ശേഷം ഹാര്‍ദിക് ഗ്രൗണ്ട് വിടുകയായിരുന്നു. ബൗളിങ്ങിനിടെ താരത്തിനു പേശി വലിവ് അനുഭവപ്പെട്ടു. കാലുകള്‍ നിലത്തുകുത്തി നടക്കാന്‍ പോലും താരം പ്രയാസപ്പെട്ടിരുന്നു. പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ പോലും താരം ഗ്രൗണ്ടില്‍ ഇറങ്ങിയില്ല. ടീം ഫിസിയോയുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍. ഹാര്‍ദിക്കിനു ഫൈനല്‍ കളിക്കാന്‍ സാധിക്കുമോയെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ടീം മാനേജ്‌മെന്റ് തീരുമാനിക്കും.