ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?
പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് എത്തിയിട്ടുണ്ട്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ശുഭ്മാന്‍ ഗില്ലിനു വേണ്ടി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ട്. ഗില്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.
പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം, പരുക്കു പൂര്‍ണമായി ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കൂ. ഗില്ലിന്റെ ഫിറ്റ്‌നെസില്‍ തീരുമാനമായ ശേഷമായിരിക്കും ടീം പ്രഖ്യാപനം.
ഡിസംബര്‍ ഒന്‍പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്‍മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി. ഗില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്തിയില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണോ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളോ ആയിരിക്കും ഓപ്പണറാകുക.