Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വിജയാഘോഷങ്ങളുടെ ഭാഗമായി കേക്ക് കട്ടിങ് നടന്നു
Virat Kohli: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐയും പരിശീലകന്‍ ഗൗതം ഗംഭീറുമായി മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിനു ശേഷമുള്ള ടീമിന്റെ ആഘോഷപ്രകടനത്തിന്റെ വീഡിയോ ചര്‍ച്ചയാകുന്നത്.
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വിജയാഘോഷങ്ങളുടെ ഭാഗമായി കേക്ക് കട്ടിങ് നടന്നു. നായകന്‍ കെ.എല്‍.രാഹുലാണ് കേക്ക് മുറിച്ചത്. ഈ സമയത്ത് കോലി ഹോട്ടലിന്റെ പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് വരികയായിരുന്നു. കേക്ക് കട്ടിങ്ങില്‍ പങ്കെടുക്കാന്‍ കോലിയെ ആരോ വിളിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇല്ല എന്നു കൈകൊണ്ട് ആംഗ്യം കാണിച്ച് കോലി റൂമിലേക്ക് നടന്നു.
ഗൗതം ഗംഭീറും കേക്ക് കട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് കോലി അവിടെ നില്‍ക്കാതിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. രോഹിത് ശര്‍മയും ഈ കേക്ക് കട്ടിങ്ങില്‍ പങ്കെടുത്തിട്ടില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.