ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ റിഷഭ് പന്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് റിഷഭ് പന്തായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ഒന്നാം ടെസ്റ്റിലെ പന്തിന്റെ ക്യാപ്റ്റന്‍സി ഇന്ത്യന്‍ പരാജയത്തിന് കാരണമായെന്ന് പല മുന്‍ താരങ്ങളും വിമര്‍ശനമുയര്‍ത്തീയിരുന്നു.
ഒന്നാം ടെസ്റ്റിനിടെ ബാറ്റിങ്ങിനിറങ്ങി 3 പന്തുകള്‍ നേരിട്ടതിന് പിന്നാലെയാണ് ഗില്‍ പരിക്കായി മടങ്ങിയത്. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും താരം നിരീക്ഷണത്തിലാണ്. 3 ദിവസത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. ഗില്ലിന്റെ അഭാവത്തില്‍ ആരായിരിക്കും ഇന്ത്യയ്ക്കായി നാലാം നമ്പറിലിറങ്ങുക എന്ന ആശങ്കയും നിലവില്‍ ഇന്ത്യന്‍ ടീമിലുണ്ട്. രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കില്ലെങ്കില്‍ സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലോ ടീമിലെത്തും. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയേയും ഇന്ത്യ തിരികെ വിളിച്ചിട്ടുണ്ട്.
ആദ്യ ടെസ്റ്റില്‍ 4 സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങിയപ്പോള്‍ ബാറ്റിങ്ങിന്റെ സന്തുലനം ഇല്ലാതെയായിരുന്നു. ഗില്ലിന് പരിക്കേറ്റതോടെ 10 പേരാണ് രണ്ട് ഇന്നിങ്ങ്‌സിലും ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തത്.