ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നേടിയ സെഞ്ചുറിയല്ലാതെ എന്ത് പ്രകടനമാണ് നിതീഷ് റെഡ്ഡി നടത്തിയിട്ടുള്ളതെന്നും ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ കളിക്കാന്‍ എന്ത് മികവാണ് താരത്തിനുള്ളതെന്നും ക്രിസ് ശ്രീകാന്ത് ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മുന്‍ താരത്തിന്റെ വിമര്‍ശനം.
ആരാണ് നിതീഷ് റെഡ്ഡിയെ ഓള്‍റൗണ്ടെന്ന് വിളിക്കുന്നത്?, അദ്ദേഹത്തിന്റെ ബൗളിംഗ് കണ്ടിട്ടുള്ള ആര്‍ക്കെങ്കിലും അത് സാധിക്കുമോ?, മെല്‍ബണില്‍ അദ്ദേഹം സെഞ്ചുറി നേടി, ശരിയാണ്. അതിന് ശേഷം എന്താണ് നിതീഷ് കുമാര്‍ ചെയ്തിട്ടുള്ളത്. അവനൊരു ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഒരു വലിയ ഓള്‍റൗണ്ടര്‍ തന്നെയാണ്. നിതീഷിന്റെ പന്തുകള്‍ക്ക് പേസ് ഉണ്ടോ?, നല്ലൊരു ബാറ്ററാണോ?, പിന്നെങ്ങനെ അവനെ ഓള്‍റൗണ്ടറെന്ന് വിളിക്കാനാകും. ക്രിസ് ശ്രീകാന്ത് ചോദിക്കുന്നു.
ടെസ്റ്റില്‍ മോശം പ്രകടനങ്ങള്‍ നടത്തുമ്പോഴും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന ടീമില്‍ അവസരം നല്‍കിയതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ഹാര്‍ദ്ദിക്കിന് പകരക്കാരനെയാണോ നോക്കുന്നത്, എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് അക്ഷര്‍ പട്ടേലിന് അവസരമില്ലാത്തത്. ശ്രീകാന്ത് ചോദിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ 10,0 എന്നിങ്ങനെയായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനങ്ങള്‍. പത്തോവര്‍ പന്തെറിഞ്ഞെങ്കിലും താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. അവസാന ഇന്നിങ്ങ്‌സുകളില്‍ 1,1,30,13,,43,19*,8,10,0 എന്നിങ്ങനെയാണ് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനങ്ങള്‍.