Sanju Samson: സഞ്ജുവിനെ കറിവേപ്പിലയാക്കി; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ആദ്യ രണ്ട് കളികളില്‍ മാത്രമേ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചുള്ളൂ
Sanju Samson: മലയാളി താരം സഞ്ജു സാംസണെ അവഗണിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ശുഭ്മാന്‍ ഗില്ലിനു വേണ്ടി സഞ്ജുവിനു അവസരം നഷ്ടപ്പെടുത്തുകയാണെന്ന പരോക്ഷ വിമര്‍ശനമാണ് ഹര്‍ഷ ഭോഗ്ലെ ഉന്നയിച്ചത്.
' സഞ്ജുവിനെ വളരെ പെട്ടന്ന് പുറത്താക്കിയതു പോലെ തോന്നുന്നു. ഓപ്പണറായി 11 കളിയില്‍ നിന്ന് 38.8 ശരാശരിയും 186 സ്‌ട്രൈക് റേറ്റും സഞ്ജുവിനു ഉണ്ടായിരുന്നു. മൂന്ന് സെഞ്ചുറികള്‍ നേടി. ഈ സമയത്താണ് ഏഷ്യ കപ്പ് മുതല്‍ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി കൊണ്ടുവരുന്നത്. അതിനുശേഷമുള്ള 11 ഇന്നിങ്‌സുകളില്‍ ഓപ്പണറായി ഗില്‍ നേടിയിരിക്കുന്ന റണ്‍സ് 25.5 ശരാശരിയിലും 140 സ്‌ട്രൈക് റേറ്റിലുമാണ്. സഞ്ജുവിനു തീര്‍ച്ചയായും ഓപ്പണറായി ഇനിയും അവസരങ്ങള്‍ കിട്ടേണ്ടതായിരുന്നു,' ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ആദ്യ രണ്ട് കളികളില്‍ മാത്രമേ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചുള്ളൂ. ടോപ് ഓര്‍ഡറില്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ സഞ്ജുവിനെ മൂന്നാം മത്സരം മുതല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.