Shubman Gill: ഗില്‍ നിരീക്ഷണത്തില്‍ തുടരുന്നു; കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കളിക്കില്ല
കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഗില്‍ കഴുത്ത് വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടത്
Shubman Gill: ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍. കൊല്‍ക്കത്തയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ ഗില്‍ കളിക്കില്ല. മൂന്നാം ദിനമായ ഇന്ന് കളി അവസാനിക്കാനാണ് സാധ്യത. ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചുകഴിഞ്ഞു.
കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഗില്‍ കഴുത്ത് വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആശുപത്രിയിലെ നിരീക്ഷണത്തില്‍ തുടരുകയാണ്. ബിസിസിഐ മെഡിക്കല്‍ ടീം ഗില്ലിനൊപ്പമുണ്ട്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇനി ഗില്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ പരുക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഔട്ട് ആകുകയായിരുന്നു. സിമണ്‍ ഹാര്‍മറിന്റെ ഓവറില്‍ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ഗില്‍ കഴുത്ത് വേദന ശക്തമായതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. വേദന കുറയാത്തതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് റിട്ടയേര്‍ഡ് ഔട്ടാക്കി മാറ്റുകയായിരുന്നു.