'ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ചിലർക്ക് കുട്ടികൾ ജനിക്കാത്തത്': അത്തരം ചോദ്യങ്ങൾ വേണ്ടെന്ന് അഭിരാമി
കുട്ടികൾ ഇല്ലാത്തവരോട് അത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കരുതെന്ന് അഭിരാമി
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ സിനിമ മതി അഭിരാമിയെ ഓർക്കാൻ. വർഷങ്ങൾക്ക് ശേഷം നടി വീണ്ടും സിനിമയിലേക്ക് തിരികെ വന്നിരുന്നു. ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ് നടി. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അടുത്തിടെയാണ് നടിയും ഭർത്താവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളോട് അതേ കുറിച്ച് നിരന്തരമായി ചോദിക്കരുതെന്ന് പറയുകയാണിപ്പോൾ നടി.
പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ ഇത്തരം ചോദ്യങ്ങൾ നേരിടുന്നുണ്ടെന്നും കുട്ടികൾ ആകാൻ താമസിച്ചാൽ അത്തരം ചോദ്യങ്ങൾ ചോദിച്ച് അവരുടെ മനസ് പലരും വേദനിപ്പിക്കാറുണ്ടെന്നും അഭിരാമി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'പ്രസവിക്കണോ, എത്ര കുട്ടികൾ വേണം, എപ്പോൾ പ്രസവിക്കണം, അതോ മറ്റെന്തിലും രീതിയിലും കുഞ്ഞുങ്ങളെ സ്വീകരിച്ചാൽ മതിയോ എന്നതൊക്കെ ഏത് കപ്പിളാണോ അവരുടെ മാത്രം ചോയ്സാണ്. അതുകൊണ്ട് തന്നെ ഒന്നിന്റെ പേരിലും അവരെ നിർബന്ധിക്കാൻ മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. കുട്ടികൾ വേണ്ടെന്ന് ദമ്പതികൾ തീരുമാനിച്ചാലും അത് നിരന്തരമായി ചോദിച്ച് വിഷമിപ്പിക്കരുത്.
അവർ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ചിലപ്പോൾ കുട്ടികൾ ജനിക്കാത്തത്. കുഞ്ഞിന് വേണ്ടി ശ്രമിച്ചിട്ടും നടക്കാതെ പോയതാകാം. അതുകൊണ്ട് തന്നെ നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കരുത്. നമ്മൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ അവരെ അത്ര ആഴത്തിൽ ബാധിക്കുമെന്ന് പറയാൻ കഴിയില്ലെ'ന്നും അഭിരാമി പറയുന്നു.