Janaki V vs State of Kerala: 'നനഞ്ഞ പടക്കം, അതിനാടകീയത'; സുരേഷ് ഗോപി ചിത്രത്തിനു മോശം അഭിപ്രായം
പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു
Janaki V vs State of Kerala: സുരേഷ് ഗോപി ചിത്രം 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ (ജെ.എസ്.കെ) ആദ്യ പ്രദര്‍ശനം കഴിഞ്ഞു. ചിത്രത്തിനു മോശം അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനത്തെ അടക്കം പ്രേക്ഷകര്‍ വിമര്‍ശിച്ചിരിക്കുന്നു. ബോക്‌സ്ഓഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ ചിത്രത്തിനു സാധിക്കില്ലെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ലൈംഗിക പീഡനം അതിജീവിച്ച ജാനകി എന്ന യുവതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നിയമപോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോടതി രംഗങ്ങളാണ് സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ ഇവിടെയൊന്നും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളില്‍ സുരേഷ് ഗോപി മികച്ചുനിന്നെങ്കിലും മറ്റു രംഗങ്ങളിലെല്ലാം അതിനാടകീയമായിരുന്നു പ്രകടനമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.