Aadu 3: മൂന്നാം അങ്കത്തിനൊരുങ്ങി പാപ്പൻ; 'ആട് 3' സെറ്റിൽ പുതിയ ലുക്കിൽ എത്തി ജയസൂര്യ, വീഡിയോ
പാപ്പന്റെ പുത്തൻ ലുക്കിലാണ് നടൻ എത്തിയത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 യുടെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിൽ എത്തി നടൻ ജയസൂര്യ. എട്ട് വർഷങ്ങൾക്ക് ശേഷം താനെ ഐകോണിക് കഥാപാത്രമായ ഷാജി പാപ്പന്റെ പുത്തൻ ലുക്കിലാണ് നടൻ എത്തിയത്.
ജയസൂര്യ കാരവനിൽ നിന്ന് ഇറങ്ങി വരുമ്പോൾ കയ്യടിച്ച് സ്വീകരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മുണ്ടും, കറുത്ത ഷർട്ടും, വലിയ മീശയും അൽപ്പം നരച്ച മുടിയുമാണ് ഷാജി പാപ്പന്റെ വേഷം. ആട് ടീം തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ജയസൂര്യ ഷാജി പാപ്പന്റെ ലുക്കിലേക്ക് തിരികെയെത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം മുടിയും താടിയും നീട്ടി വളർത്തിയ ജയസൂര്യയെ ആയിരുന്നു പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.