'ഒരു വൃത്തികേട് ചെയ്തോട്ടെയെന്ന് അമലേട്ടൻ, കാസ്റ്റിങ് കൗച്ച് ആണോയെന്ന് ഭയന്നു': ജിനു ബെൻ
അമൽ നീരദ് സംവിധാനം ചെയ്ത ഈ സിനിമ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.
മികച്ച മേക്കിങും കൺസപ്റ്റും കൊണ്ട് ഒട്ടുമിക്ക സിനിമാപ്രേമികൾക്കും പ്രിയപ്പെട്ട സിനിമയാണ് കുള്ളന്റെ ഭാര്യ. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന സെക്ഷനിൽ കുള്ളനായി അഭിനയിച്ചത് ജിനു ബെൻ ആണ്. അമൽ നീരദ് സംവിധാനം ചെയ്ത ഈ സിനിമ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.
കുള്ളന്റെ ഭാര്യയിൽ നായകനായ കഥ പറയുകയാണ് ജിനു ഇപ്പോൾ. ദി ഇ-കോം ഷോ ബൈ ഷാൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജിനു തന്റെ മനസ് തുറന്നത്. ഡബ്ബിങിലൂടെയായിരുന്നു സിനിമയിലേക്ക് വന്നത്. ദൃശ്യത്തിൽ വരുൺ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ജിനു ആയിരുന്നു.
പിന്നീട് അമ്പതോളം സിനിമകൾക്ക് ഡബ്ബ് ചെയ്തു. അതിനിടയിലാണ് കുള്ളന്റെ ഭാര്യ എന്ന സിനിമ സംഭവിക്കുന്നത്. റേഡിയോയിലെ സുഹൃത്തുക്കൾ വഴിയാണ് അമൽ ചേട്ടന്റെ കുള്ളന്റെ ഭാര്യയിലേക്ക് അവസരം കിട്ടുന്നത്. രണ്ട് മണിക്കൂർ എടുത്ത് സിനിമാറ്റിക്കായാണ് അമൽ ചേട്ടൻ എനിക്ക് കഥ പറഞ്ഞ് തന്നത്. അന്ന് ക്ലൈമാക്സിൽ ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടോയെന്ന് എന്നോട് ചോദിച്ചു. കൊള്ളാമെന്ന് ഞാനും പറഞ്ഞു.
അതിനുശേഷം ജിനു ഞാൻ ഒരു വൃത്തികേട് ചെയ്തോട്ടെയെന്ന് അമൽ ചേട്ടൻ ചോദിച്ചു. ദൈവമേ കാസ്റ്റിങ് കൗച്ച് വല്ലതുമാണോയെന്ന് ഒരു നിമിഷം ഞാൻ മനസിൽ ചിന്തിച്ചു. കാരണം ഞാനാണെങ്കിൽ സിനിമയിലേക്ക് കാലെടുത്ത് വെച്ചതല്ലേയുള്ളു. ഒന്നും അറിയില്ലല്ലോ. അമലേട്ടൻ എഴുന്നേറ്റ് പോയി. തിരിച്ച് വന്നശേഷം എഴുന്നേറ്റ് ഭിത്തിയോട് ചേർന്ന് നിൽക്കാമോയെന്ന് ചോദിച്ചു. കൺഫ്യൂഷനായി കഴിഞ്ഞാൽ എല്ലാം യാന്ത്രികമാകുമല്ലോ.
പുള്ളി ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറഞ്ഞത് എന്റെ ഉയരം പുള്ളിക്ക് അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു. അതിനിടയിൽ എന്റെ വൃത്തികെട്ട ചിന്തയിലൂടെ എന്തൊക്കയോ പോയി. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. എന്റെ ഉയരം അടയാളപ്പെടുത്തിയതിന് താഴെയും മുകളിലും വേറെയും ആൾക്കാരുടെ ഉയരം അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷെ അവർക്ക് ആർക്കും കുള്ളന്റെ ഭാര്യയിൽ ഭാഗമാകാനുള്ള തലവര ഉണ്ടായിരുന്നില്ലെന്നതാണ് സത്യം ജിനു പറഞ്ഞു.