നസ്ലെൻ നായകൻ, കല്യാണി പ്രിയദർശൻ നായിക; ദുൽഖറിന്റെ പുതിയ സിനിമയിൽ ആവേശമേറ്റി ചിത്രങ്ങൾ
നസ്ലെനും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വീണ്ടുമൊരു ഇടിപടത്തിൽ നസ്ലെൻ ഗഫൂർ. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൽ നസ്ലെൻ ബോക്‌സർ ആയിട്ടാണ് താരമെത്തുന്നതെന്ന് റിപ്പോർട്ട്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് നടി കല്യാണി പ്രിയദർശൻ. കല്യാണി പ്രിയദർശനാണ് നായിക. നസ്ലെനും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വിഷു റിലീസായി എത്തിയ ആലപ്പുഴ ജിംഖാനയിൽ നസ്‌ലെൻ മാർഷ്യൽ ആർട്സ് അഭ്യസിച്ചിരുന്നു. നസ്‌ലെൻ ബോക്സിങ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദുൽഖർ ചിത്രത്തിലും മാർഷ്യൽ ആർട്സ് വരുന്നതുകൊണ്ട് നസ്‌ലെന് ലാഭമായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ തന്നെ നസ്‌ലെൻ ഇടിക്കാൻ പഠിച്ചതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോൾ മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവഹിച്ചത്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, നസ്‌ലൻ പ്രധാന വേഷത്തിലെത്തിയ ആലപ്പുഴ ജിംഖാന തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.