പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണ് ഡോ.രവി തരകൻ. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും എന്ന ചിത്രം. സെന്റിമെൻസ് ചെയ്യാൻ കഴിയാതെത നടനെന്നടക്കമുള്ള സൈബർ ആക്രമണം നേരിടുന്ന സമയത്തായിരുന്നു പൃഥ്വിരാജ് അയാളും ഞാനും ചെയ്യുന്നത്. ഇപ്പോഴിതാ അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്ക് പിന്നിലെ കഥകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽ ജോസ് മനസ് തുറന്നത്.
പൃഥ്വിരാജ് പറഞ്ഞിട്ടാണ് ചിത്രത്തിന്റെ കഥ ആദ്യമായി കേൾക്കുന്നതെന്ന് ലാൽ ജോസ് പറയുന്നു. ബോബി സഞ്ജയ് ആദ്യം പറഞ്ഞ കഥയല്ല ഇപ്പോഴുള്ള സിനിമയിലുള്ളത്. ആദ്യ കഥയിൽ അമ്മ മരിക്കുന്നതായിയുന്നു. സിനിമയിലേക്ക് പ്രണയം വന്നത് തൻ്റെ നിർബന്ധപ്രകാരമായിരുന്നു. ഒരുപാട് ആലോചനകൾക്ക് ശേഷം ബോബിയും സഞ്ജയും സിനിമയ്ക്കിട്ട പേരാണ് അയാളും ഞാനും തമ്മിൽ എന്നും ലാൽ ജോസ് പറഞ്ഞുവയ്ക്കുന്നു.
ലാൽ ജോസിന്റെ വാക്കുകൾ:
“അയാളും ഞാനും തമ്മിൽ എന്ന സിനിമ ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഒരുപാട് സൈബറാക്രമണങ്ങൾ നേരിട്ടിരുന്നു.
ഒരു ദിവസം രാജു എന്നെ വിളിച്ചിട്ട് പറഞ്ഞു. ചേട്ടാ ഞാൻ ഒരു കഥ കേട്ടു. ഈ സിനിമ ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ അതിൽ അഭിനയിക്കാം. അല്ലെങ്കിൽ ഞാനിത് ചെയ്യില്ല. ഏതെങ്കിലും പുതിയ ആൾക്കാരുടെ കഥയായിരിക്കുമെന്നാണ് ഞാൻ അപ്പോൾ വിചാരിച്ചത്. പിന്നീട് അവർ കഥ പറയാൻ വന്നപ്പോൾ ഞാൻ ഞെട്ടി പോയി. കറിയാച്ചൻ സാർ, ബോബി, സഞ്ജയ് എന്നിവരാണ് കഥ പറയാൻ വന്നത്. ഞാൻ പൃഥ്വിയോട് പറഞ്ഞു, എടാ അവർ ഇത്രയും പ്രശസ്‌തരായ എഴുത്തുകാരാണ്. നീ ഇങ്ങനെയൊക്കെയാണോ അവരുടെ മുന്നിൽ വച്ച് പറയുന്നതെന്ന് ചോദിച്ചു. അത് എന്താണെന്ന്, ചേട്ടന് ആ കഥ കേട്ടാൽ മനസിലാകുമെന്ന് അവൻ പറഞ്ഞു. അവർ പറഞ്ഞ കഥയായിരുന്നില്ല സിനിമയായി വന്നത്. അതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ എനിക്കുണ്ടായിരുന്നു. കുറച്ച് കാര്യങ്ങളൊക്കെ തിരുത്തിയിരുന്നു. അമ്മ മരിക്കുന്നതായിരുന്നു ആദ്യത്തെ കഥ. അതിനെ കാമുകിയെ നഷ്ടപ്പെടുന്നതാക്കണം എന്നത് എൻ്റെ നിർദേശമായിരുന്നു. അത് ക്ലീഷേയാണെന്ന് അവർ പറഞ്ഞു. അതിൽ അവർക്ക് വിരോധവുമുണ്ടായിരുന്നു. സെന്റ്റിമെൻസ് സീനൊക്കെ പൃഥ്വിരാജിനെ വച്ച് ചെയ്‌താൽ അതൊക്കെ കോമഡിയായി പോകുമെന്ന് പലരും എന്നോട് പറഞ്ഞു. പക്ഷേ, കഥാപാത്രത്തിൻ്റെ മനസറിഞ്ഞാണ് പൃഥ്വിരാജ് അഭിനയിച്ചത്.”