മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മലയാളത്തിലെ ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർക്കുകയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റായെന്ന റിപ്പോർട്ട് നിർമാതാക്കൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ഇതോടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും ഈ മോഹൻലാൽ സിനിമ സ്വന്തമാക്കി. റിലീസ് ചെയ്തിട്ട് ദിവസങ്ങൾ ആയെങ്കിലും ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ചിത്രം ഒന്നാമതായി തുടരുന്നു.
ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. 'ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്', എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 103.25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു.