മോഷ്ടാവിന്റെ ആക്രമണത്തിന് പിന്നാലെ നടൻ സെയ്ഫ് അലി ഖാന് തിരിച്ചടി. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും നടൻ സെയ്ഫ് അലി ഖാനുമായി ഭാഗികമായി ബന്ധമുള്ളതുമായ ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ 1968-ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാൻ സർക്കാർ നീക്കം. സുപ്രധാനമായ ഒരു വിധിയിൽ, മധ്യപ്രദേശ് ഹൈക്കോടതി 2015ൽ ഈ സ്വത്തുക്കൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിട്ടുണ്ട്.
സെയ്ഫിന്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ-ഉസ്-സബാഹ് പാലസ്, ദാർ-ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹിഫിസ പ്രോപ്പർട്ടി തുടങ്ങിയവയാണ് വിധിയിൽ ഉൾപ്പെടുന്ന ചില സ്വത്തുക്കൾ. വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ ശത്രു സ്വത്ത് നിയമം അനുവദിക്കുന്നു.
ഭോപ്പാലിലെ നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളായിരുന്നു. അവരിൽ ഒരാൾ പാകിസ്ഥാനിലേക്ക് കുടിയേറുകയും മറ്റൊരാൾ ഇന്ത്യയിൽ തുടരുകയും ചെയ്തു. ഇന്ത്യയിൽ തുടരുന്ന മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാൽ സ്വത്തുക്കളുടെ ഉടമയായി പാകിസ്താനിലേക്ക് കുടിയേറിയ മകളെയാണ് സർക്കാർ പരിഗണിക്കുന്നത്.