മമ്മൂട്ടി എന്ന നടൻ അങ്ങനെ ചെയ്യില്ല: സുവീരൻ
‘അങ്കിളിലെ കെ കെ മമ്മൂട്ടി ആകേണ്ടിയിരുന്നില്ല‘- സംവിധായകൻ പറയുന്നു
ബ്യാരി എന്ന ചിത്രത്തിലൂടെ 2011ലെ ദേശീയ ചലചിത്രപുരസ്‌കാരത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ സംവിധായകനാണ് കെപി സുവീരന്‍. ഇപ്പോൾ സുവീരന്റെ ‘മഴയത്ത്’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നിരൂപക പ്രശംസ നേടി ചിത്രം മുന്നേറുകയാണ്.
തമിഴ് നടൻ നികേഷ് റാമും അപർണ ഗോപിനാഥും ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. പുതിയ മുഖത്തെയാണ് നായകനായി തിരഞ്ഞെടുത്തത്. അതിന് കാരണവുമുണ്ട്. ഒരു സോ കോള്‍ഡ് നടനെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. അതൊഴിവാക്കാൻ വേണ്ടിയാണ് നികേഷിനെ നായകനാക്കിയതെന്ന് സുവീരൻ സൌത്ത് ലൈവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ജോയ് മാത്യുവിന്റെ അങ്കിളിൽ സോ കോള്‍ഡ് നായകനായ മമ്മുക്കയെ പ്രധാന കഥാപാത്രം ഏല്‍പ്പിച്ചു. ചില തെറ്റിദ്ധരിപ്പിക്കലുകളില്‍ ആണ് ആ സിനിമ പരാജയപ്പെട്ടത്. മമ്മൂട്ടിയോടൊപ്പം ഒരു പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ അവളുടെ വീട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ട്. പക്ഷേ, അത് കാണുന്നവർക്കറിയാം, മമ്മൂട്ടി അങ്ങനെയൊന്നും ചെയ്യത്തില്ലെന്ന്. അപ്പോള്‍ തീര്‍ച്ചയായും തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയമായിരിക്കും. അതുകൊണ്ടുതന്നെ അങ്കിളില്‍ മമ്മുട്ടി അല്ലായിരുന്നു നായകനെങ്കില്‍ പടത്തിന് കൂടുതൽ റീച്ച് കിട്ടുമായിരുന്നു’- സുവീരൻ പറയുന്നു.