ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു
സിഐഎ ആണ് ഇതിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി. പാക്ക് സൈന്യവും മൊസാദും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നും സിഐഎ ആണ് ഇതിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മൊസാദിന്റെ ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവി അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും ഈജിപ്തില്‍ ഇതിനായി രഹസ്യ യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഗാസയില്‍ സൈന്യം ഇറങ്ങുമെന്നും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യം ആവില്ല ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ വരുന്നത്. അതേസമയം ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍ രംഗത്തെത്തി. രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടെ മൃതദേഹം എന്ന പേരില്‍ കൈമാറിയെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളില്‍ പതിനാറാമത്തെ മൃതദേഹമെന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറിയിരുന്നു. എന്നാല്‍ ഇത് രണ്ടുവര്‍ഷം മുമ്പ് ഇസ്രയേലിന് കൈമാറിയത്തിന്റെ ബാക്കി ഭാഗങ്ങള്‍ ആണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേല്‍ അറിയിച്ചു.
പിന്നാലെ ഒരു വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാന്‍ കെട്ടിടത്തില്‍ നിന്നെടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ടു മൂടിയ ശേഷം റെഡ് ക്രോസിന് അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം. അതേസമയം യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ് വരുത്തി ഇന്ത്യ. എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ കുറച്ചുകൊണ്ട് അമേരിക്കയുമായി അടുപ്പം ഉണ്ടാക്കുന്നതിനുള്ള സൂചനയാണ് ഇന്ത്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. തിങ്കളാഴ്ച വരെ അമേരിക്കയില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം ബാരല്‍ ആയിരുന്നു ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിപ്പോള്‍ 5.7ആയി കൂടിയിട്ടുണ്ട്.