Karur Stampede: വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുനല്‍കി യുവതി
കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്
Karur Stampede: കരൂര്‍ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതി നടനും ടിവികെ അധ്യക്ഷനുമായ വിജയ് നല്‍കിയ 20 ലക്ഷം നഷ്ടപരിഹാരത്തുക തിരിച്ചുനല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപ വിജയ് വാഗ്ദാനം ചെയ്തിരുന്നു. അപകടമുണ്ടായ കരൂര്‍ സന്ദര്‍ശിക്കാത്ത നടന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുവതി പണം തിരിച്ചുനല്‍കിയത്. നഷ്ടപരിഹാരത്തുക വന്ന അക്കൗണ്ടിലേക്ക് 20 ലക്ഷം തിരിച്ചിട്ടതായി രസീത് സഹിതം യുവതി മാധ്യമങ്ങളെ അറിയിച്ചു.
കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്. വിഡിയോ കോളില്‍ സംസാരിച്ച വിജയ് നേരിട്ട് ഇവിടെയെത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍, അതുണ്ടായില്ലെന്നും യുവതി പറയുന്നു.
നേരിട്ടു കാണാമെന്നു ഉറപ്പ് നല്‍കിയ ശേഷം വിജയ് വീട്ടിലേക്ക് വന്നില്ലെന്നും പകരം അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചത് ഉചിതമായ നടപടിയല്ലെന്നുമാണ് യുവതി കുറ്റപ്പെടുത്തിയത്.
അതേസമയം മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വിജയ് ഒരുക്കിയ കൂടിക്കാഴ്ചയിലേക്ക് യുവതിയോ കുടുംബമോ പോയിട്ടില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കാണിച്ച് മൂന്ന് പേര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും യുവതി പറഞ്ഞു. വേദനിക്കുന്ന തങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും നഷ്ടപരിഹാരത്തുക അതിനേക്കാള്‍ വലുതല്ലെന്നും യുവതി പറഞ്ഞു.