ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍,ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ക്കെതിരെയും വാറന്റുണ്ട്.
അറസ്റ്റ് വാറന്റില്‍ ആകെ 37 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക നല്‍കിയിട്ടില്ല. ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദികള്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നുമാണ് തുര്‍ക്കി വ്യക്തമാക്കിയത്.
അതേസമയം തുര്‍ക്കിയുടെ നടപടിയെ പുച്ഛത്തോടെ കാണുന്നതായി ഇസ്രായേല്‍ മറുപടി പ്രസ്താവനയില്‍ പറഞ്ഞു. സ്വേച്ഛാധിപതിയുടെ പുതിയ പി ആര്‍ സ്റ്റണ്ടാണ് ഇതെന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളികളയുന്നതായും വ്യക്തമാക്കി. ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനായ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരായ കേസില്‍ കക്ഷി ചെയ്തിരുന്നു.