Breaking News: ധോണിക്കു പകരക്കാരനായി സഞ്ജു ചെന്നൈയിലേക്ക്; പകരം ജഡേജയും കറാനും രാജസ്ഥാനില്‍
ചെന്നൈ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെ സഞ്ജുവിനു പകരം രാജസ്ഥാനു കൈമാറും
MS Dhoni and Sanju Samson
Breaking News: രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. മഹേന്ദ്രസിങ് ധോണി ഐപിഎല്ലില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു പകരക്കാരനെന്ന നിലയിലാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കാന്‍ പോകുന്നത്.
ചെന്നൈ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെ സഞ്ജുവിനു പകരം രാജസ്ഥാനു കൈമാറും. ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ പുരോഗമിച്ചെന്നും ജഡേജയും കറാനും സഞ്ജുവിനു പകരക്കാരായി ടീമില്‍ എത്തുന്നതിനോടു രാജസ്ഥാനു എതിര്‍പ്പില്ലെന്നും സൂചന. ഇരു ഫ്രാഞ്ചൈസികളും ഇതുവരെ ട്രാന്‍സ്ഫര്‍ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചതായി സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ വ്യക്തമാക്കി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ചെന്നൈയ്ക്കു ഒരു ഇന്ത്യന്‍ താരത്തെ ആവശ്യമാണ്. അടുത്ത സീസണില്‍ ധോണി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ചെന്നൈ മാനേജ്‌മെന്റ് സഞ്ജുവിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജഡേജയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയാണ് രാജസ്ഥാന്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രെവിസിനെ വിട്ടുതരില്ലെന്നും പകരം കറാനെ തരാമെന്നും ചെന്നൈ നിലപാടെടുത്തു. ഒടുവില്‍ ഈ ട്രേഡിങ്ങിനു രാജസ്ഥാന്‍ സമ്മതം അറിയിക്കുകയായിരുന്നു.