Sanju Samson: ഈ കണക്കുകള്‍ അറിഞ്ഞിട്ടാണോ ചെന്നൈ സഞ്ജുവിനെ റാഞ്ചാന്‍ പോകുന്നത്?
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് സഞ്ജുവിന്റെ വരവില്‍ ചില ആരാധകരെ നിരാശപ്പെടുത്തുന്നത്
Sanju Samson: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. രവീന്ദ്ര ജഡേജ, സാം കറാന്‍ തുടങ്ങിയവരെ ട്രേഡിങ്ങിലൂടെ രാജസ്ഥാനു നല്‍കി പകരം സഞ്ജുവിനെ വാങ്ങാനാണ് ചെന്നൈ തീരുമാനം. എന്നാല്‍ ഈ തീരുമാനം മണ്ടത്തരമാണെന്ന് വാദിക്കുകയാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് സഞ്ജുവിന്റെ വരവില്‍ ചില ആരാധകരെ നിരാശപ്പെടുത്തുന്നത്. ചെപ്പോക്കില്‍ അത്ര നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സഞ്ജുവിനു സാധിച്ചിട്ടില്ല. ഐപിഎല്‍, രാജ്യാന്തര ട്വന്റി 20 എന്നിങ്ങനെ 11 ഇന്നിങ്‌സുകളില്‍ സഞ്ജു ചെപ്പോക്കില്‍ നേടിയിരിക്കുന്നത് വെറും 134 റണ്‍സ്. ശരാശരി 12.18 ആണ്. സ്‌ട്രൈക് റേറ്റ് ആകട്ടെ 100.75
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ചെന്നൈയ്ക്കു ഒരു ഇന്ത്യന്‍ താരത്തെ ആവശ്യമാണ്. അടുത്ത സീസണില്‍ ധോണി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ചെന്നൈ മാനേജ്മെന്റ് സഞ്ജുവിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ജഡേജയ്ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയാണ് രാജസ്ഥാന്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രെവിസിനെ വിട്ടുതരില്ലെന്നും പകരം കറാനെ തരാമെന്നും ചെന്നൈ നിലപാടെടുത്തു. ഒടുവില്‍ ഈ ട്രേഡിങ്ങിനു രാജസ്ഥാന്‍ സമ്മതം അറിയിക്കുകയായിരുന്നു.