ക്ലൗഡ് ഫ്‌ലെയറിലെ തകരാറ് കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ക്ലൗഡ് ഫ്‌ലെയര്‍ പണിമുടക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി ക്ലൗഡ് ഫ്‌ലെയര്‍ സ്ഥിരീകരിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളിലെ തടസം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡൗണ്‍ ഡിറ്റക്ടര്‍ സേവനവും ക്ലൗഡ്ഫ്‌ലെയര്‍ പ്രശ്‌നം കാരണം തടസപ്പെട്ടു.
കാന്‍വ, ലിങ്ക്ഡ് ഇന്‍, ക്വില്‍ബോട്ട്, ഗ്രോ, സെറോദ തുടങ്ങി നിരവധി സേവനങ്ങളാണ് ക്ലൗഡ് ഫ്‌ലെയറിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടത്. 500 ഇന്റേണല്‍ സെര്‍വര്‍ എറര്‍ എന്ന സന്ദേശമാണ് പല സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും പല സേവനങ്ങളും ഉപയോഗിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്.