കൊടുമണ്ണില്‍ പത്താം ക്ലാസുകാരന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്താം ക്ലാസില്‍ പരീക്ഷ എഴുതാനുണ്ടെന്ന് കാണിച്ച പേക്ഷയിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ എപ്രില്‍ 21നായിരുന്നു അഖില്‍ എന്ന വിദ്യാര്‍ത്ഥി സഹപാഠികളാല്‍ കൊലചെയ്യപ്പെടുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈല്‍ ബോര്‍ഡ് തളളിയിരുന്നു. ജുവനൈല്‍ ബോര്‍ഡിന്റ വിധിക്കെതിരെ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
16 വയസ്സ് പ്രായമായ കുറ്റാരോപിതരെ നിര്‍ഭയ കേസിന്റ മോഡലില്‍ മുതിര്‍ന്നവരെപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും, അതു കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നുമായിരുന്നു പൊലീസിന്റ ആവശ്യം. എന്നാല്‍ അപ്പീല്‍ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കര്‍ തള്ളിയിരുന്നു.