Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ പ്രചരണരംഗത്ത് സജീവമാണ്
Rahul Mamkootathil: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. സസ്‌പെന്‍ഷനിലുള്ള എംഎല്‍എ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഇറങ്ങുന്നത് സംസ്ഥാന നേതൃത്വം തടയണമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. രാഹുലില്‍ ഒരു പെണ്‍കുട്ടിയെ ഗര്‍ഭം ധരിപ്പിക്കാനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട് കടുപ്പിച്ചത്.
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ പ്രചരണരംഗത്ത് സജീവമാണ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഷനിലാണ് ഇപ്പോള്‍ രാഹുല്‍. കൂടുതല്‍ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നതോടെ രാഹുല്‍ പ്രചരണത്തിനു ഇറങ്ങുന്നത് പൂര്‍ണമായി വിലക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ കെ.മുരളീധരന്‍, കെ.സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ക്കെല്ലാം രാഹുലിനെ പൂര്‍ണമായി മാറ്റിനിര്‍ത്തണമെന്ന നിലപാടാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ശബ്ദരേഖ കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം പറയാമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ പ്രചരണത്തിനു ഇറങ്ങുന്നതിനു കെപിസിസി നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയേക്കും.