വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവൻ ഇവൻ. സിനിമ വലിയ വിജയമായിരുന്നു. വിശാലിന്റെ കഥാപാത്രം ഏറെ ചർച്ചയാക്കപ്പെട്ടു. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി. ബാല തന്നെ കഥയും തിരക്കഥയും എഴുതിയ സിനിമ വലിയ വിജയമായിരുന്നു നേടിയത്.
ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് വിശാൽ. എത്ര കോടി തന്നാലും ഇനി അത്തരം ഒരു കഥാപാത്രം താൻ ചെയ്യില്ലെന്നും ഒരുപാട് വേദന ആ കഥാപാത്രം നൽകിയെന്നും വിശാൽ പറഞ്ഞു.
'ഇനി എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു. ഞാൻ ഒരിക്കലും ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. എന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ട്', വിശാലിന്റെ വാക്കുകൾ.