ഇൻഷുറൻസ് ഉണ്ടെങ്കിലും ക്യാഷ്‌ലെസ് ചികിത്സ അനുവദിക്കില്ല, ബജാജ് അല്യൻസ് ഇൻഷുറൻസ് പോളിസി ഉടമകൾ ആശങ്കയിൽ
ബജാജ് അല്യാന്‍സ് ഹെല്‍ത്ത് പോളിസി കൈവശമുള്ള ലക്ഷക്കണക്കിന് രോഗികളെയാകും ഈ തീരുമാനം ബാധിക്കുക.
രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കും പുതിയ തലത്തിലേക്ക് നീങ്ങുന്നു. ബജാജ് അല്യാന്‍സ് ജനറല്‍ ഇന്‍ഷുറന്‍സും രാജ്യത്തെ ഏകദേശം 15,000 ആശുപത്രികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബജാജ് അല്യാന്‍സ് പോളിസി ഉടമകള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ ക്യാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാകില്ലെന്നാണ് ആശുപത്രികള്‍ അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ(AHPI)യുടേതാണ് തീരുമാനം. ബജാജ് അല്യാന്‍സ് ഹെല്‍ത്ത് പോളിസി കൈവശമുള്ള ലക്ഷക്കണക്കിന് രോഗികളെയാകും ഈ തീരുമാനം ബാധിക്കുക.
AHPI പുറത്തിറക്കിയ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 1 മുതല്‍ ബജാജ് അല്യാന്‍സ് പോളിസി കൈവശമുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ നല്‍കില്ല. രോഗികള്‍ ആദ്യം മുഴുവന്‍ ചെലവും സ്വന്തം കയ്യില്‍ നിന്ന് അടക്കുകയും തുടര്‍ന്ന് ബില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിച്ച് റീ ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ഇതോടെ അടിയന്തിരഘട്ടങ്ങളില്‍ സ്വന്തം കയ്യില്‍ നിന്നും പണം ചെലവാക്കണമെന്ന സാമ്പത്തിക മാധ്യതയാണ് പോളിസി ഉടമകള്‍ക്ക് നേരിടേണ്ടിവരിക. ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രധാനമായും ബജാജ് അല്യാന്‍സ് വര്‍ഷങ്ങളായി പുതുക്കാത്ത പഴയ കരാര്‍ നിരക്കിലാണ് ചികിത്സയ്ക്ക് പണം അനുവദിക്കുന്നത്. ചികിത്സയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന ബില്ലില്‍ മുന്‍കൂട്ടി പറയാതെ കമ്പനി വന്‍തോതില്‍ തുകയില്‍ കുറവ് വരുത്തുകയാണെന്നും വര്‍ഷം തോറും മെഡിക്കല്‍ ചെലവ് 6-7 ശതമാനം വരെ ഉയരുന്ന നിലയില്‍ ഇത് ആശുപത്രികള്‍ക്ക് നഷ്ടമാണെന്നുമാണ് AHPI വ്യക്തമാക്കുന്നത്.
ബജാജ് അല്യാന്‍സിനൊപ്പം കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും ആഗസ്റ്റ് 22ന് സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 31നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കെയര്‍ ഹെല്‍ത്ത് പോളിസി ഉടമകള്‍ക്കും ക്യാഷ്ലെസ് ചികിത്സ നഷ്ടപ്പെടും.