തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണത്തെ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും കെവൈസി നിര്‍ബന്ധം ആക്കിയതും തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകള്‍ കൊണ്ടുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ രാത്രി മാത്രം നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗെയിം കമ്പനികളുടെ വാദം. സ്വന്തം ജീവിതം നശിപ്പിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ വളര്‍ത്തച്ഛനാകരുതെന്നും കമ്പനികള്‍ വാദിച്ചിരുന്നു. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.