'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍
തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്ന് രാഹുല്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു
വോട്ട് ക്രമക്കേട് ആരോപണവുമായി വീണ്ടും രാഹുല്‍ ഗാന്ധി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ വോട്ട് ക്രമക്കേട് നടന്നതായി രാഹുല്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്ന് രാഹുല്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ഹരിയാനയില്‍ നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' ആണ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്താതിരിക്കാന്‍ വോട്ട് ക്രമക്കേട് വ്യാപകമായി നടത്തി. ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ കവര്‍ന്നെന്നാണ് രാഹുലിന്റെ ആരോപണം.
വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയത് അട്ടിമറിയിലൂടെയാണ്. സര്‍വെകള്‍ എല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചപ്പോഴും ബിജെപി വലിയ ആത്മവിശ്വാസത്തിലായിരുന്നു. അതിനു കാരണം ഈ വോട്ട് ക്രമക്കേടിലുള്ള ഉറപ്പാണെന്നും രാഹുല്‍ ആരോപിച്ചു.