വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ്: പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. നാളെയാണ് തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെയും നാളെ രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങും. വൈകുന്നേരം എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ലാന്‍ഡ് ചെയ്യും. മുന്നോടിയായി ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം സന്ദര്‍ശിക്കും.
നാളെ രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് പതിനായിരം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വിഴിഞ്ഞം.