സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍
ഡല്‍ഹി സ്വദേശിയായ പ്രിയങ്ക റായിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍. ഡല്‍ഹി സ്വദേശിയായ പ്രിയങ്ക റായിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി ഉണ്ടായ ആഘാതത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
ബൈക്കിന്റെ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ തെരുവുനായ്കള്‍ പിന്നാലെ പാഞ്ഞ് വന്ന് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. 0.2 സെന്റീമീറ്റര്‍ വീതമുള്ള ഓരോ മുറിവിനും 20000 രൂപ വീതം നല്‍കണമെന്നായിരുന്നു പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ തീരുമാനം. 2023 ലാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരം കണക്കാക്കേണ്ട ഫോര്‍മുല നിര്‍വചിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
12 സെന്റീമീറ്റര്‍ മുറിവിന് 12 ലക്ഷം രൂപയാണ് പ്രിയങ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതിനു പുറമേ ആകെ പല്ലിന്റെ അടയാളങ്ങള്‍ക്ക് 4.2 ലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പല്ലിന്റെ അടയാളങ്ങള്‍ക്കും പതിനായിരം രൂപ വീതം നല്‍കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ആകെയുള്ള 42 പല്ലുകളും ഉപയോഗിച്ചാണ് നായ തന്നെ ആക്രമിച്ചതെന്നാണ് പ്രിയങ്ക പറയുന്നത്. മാനസികമായും സാമ്പത്തികമായും ഉണ്ടായ ആഘാതത്തിന് നഷ്ടപരിഹാരമായി 3.8 ലക്ഷം രൂപയും പ്രിയങ്ക ആവശ്യപ്പെടുന്നു.