Divya Deshmukh: വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ, ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്
ചൈനയുടെ മുന്‍ ലോക ചാമ്പ്യനായ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലില്‍ കടന്നത്.
ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പ് ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരതാരം ദിവ്യ ദേശ്മുഖ്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമെന്ന നേട്ടമാണ് 19കാരിയായ ദിവ്യ സ്വന്തമാക്കിയത്. ചൈനയുടെ മുന്‍ ലോക ചാമ്പ്യനായ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം സമനിലയിലായിരുന്നു.
ഇന്ത്യയുടെ കൊനേരും ഹംപിയും ചൈനയുടെ ഗ്രാന്റ് മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും ദിവ്യ ഫൈനലില്‍ നേരിടുക. ഹംപിയും ടിന്‍ജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. ഇന്നലെ 75 നീക്കങ്ങളിലൂടെയാണ് മത്സരം സമനിലയിലായത്. ഇന്ന് നടക്കുന്ന ട്രൈ ബ്രേക്കറിലൂടെയാകും വിജയിയെ തീരുമാനിക്കുക.