ജൂനിയർ ഹോക്കി ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ചെന്നൈ, മധുര എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് മലയാളിയും ഇതിഹാസ താരവുമായ പി ആർ ശ്രീജേഷാണ്. ഇന്ത്യ അവസാനം നേടിയ 2 ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ നേട്ടത്തിലും കളിക്കാരനെന്ന നിലയിൽ നിർണായകമായ പങ്കാണ് ശ്രീജേഷ് വഹിച്ചത്.
ജൂനിയർ ഹോക്കി ലോകകപ്പിൽ 2 തവണ ചാമ്പ്യന്മാരായ ടീമാണ് ഇന്ത്യ. എന്നാൽ കഴിഞ്ഞ 9 വർഷങ്ങളായി ഒരു ലോകകിരീടം നേടാൻ ഇന്ത്യയ്ക്കായിട്ടില്ല. ഈ വരൾച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യൻ ടീം ഇറങ്ങുക. ആകെ 24 ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുക. നാല് ടീമുകൾ വീതമുള്ള 6 ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. ഗ്രൂപ്പ് ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും.
പൂൾ ബിയിൽ ചിലി,സ്വിറ്റ്സർലൻഡ്, ഒമാൻ ടീമുകളാണ് ഇന്ത്യയ്ക്കൊപ്പമുള്ളത്. ഇന്ന് 5.45ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ പോരാട്ടത്തിൽ ചിലിയാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ ബിയിൽ പാകിസ്ഥാനും നേരത്തെ ഭാഗമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച പാകിസ്ഥാൻ ടൂർണമെൻ്റിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പാക് ടീമിന് പകരമായാണ് ഒമാൻ ലോകകപ്പിലെത്തിയത്.