'കാലിൽ കിടക്കുന്ന ചെരുപ്പ് ഊരി അടി വേണോ?'; ഭർത്താവിനെ വിമർശിച്ച ആളോട് ഖുശ്ബു
നവംബർ 13 ന് ചിത്രത്തിൽ നിന്ന് താൻ പിന്മാറുന്നതായി സുന്ദർ സി തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
അടുത്തിടെയായിരുന്നു തമിഴകം കണ്ട ഏറ്റവും വലിയ സിനിമയുടെ പ്രഖ്യാപനം. രജനികാന്തിനെയും കമൽ ഹാസനെയും ഒരുമിപ്പിച്ച് താൻ ചിത്രമൊരുക്കുന്നുവെന്ന് സംവിധായകൻ സുന്ദർ സി പ്രഖ്യാപിച്ചത് ഏറെ വൈറലായിരുന്നു. തലൈവർ 173 ന്റെ ഓരോ അപ്‌ഡേഷനും ആരാധകർ കാത്തിരിക്കാൻ തുടങ്ങി. എന്നാൽ നവംബർ 13 ന് ചിത്രത്തിൽ നിന്ന് താൻ പിന്മാറുന്നതായി സുന്ദർ സി തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
സുന്ദർ സി രജനികാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് ചിത്രത്തിൽ നിന്ന് കമലും രജനിയും പിന്മാറിയതെന്ന തരത്തിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, രജനികാന്തിനെ ത്രസിപ്പിക്കുന്ന കഥ വരുന്നത് വരെ തങ്ങൾ കഥ കേൾക്കുമെന്നായിരുന്നു വിഷയത്തോട് കമൽ പ്രതികരിച്ചത്.
ഇപ്പോഴിതാ സുന്ദറിനെതിരെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുശ്ബു. ശരിയായ കഥയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തു തന്നെയായാലും, സുന്ദർ സി നിർമാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി എന്നാണ് ഒരാൾ പ്രതികരിച്ചത്.
'കേട്ടു കേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ"- എന്നാണ് ഇതിന് മറുപടിയായി ഖുശ്ബു എഴുതിയത്.
സുന്ദർ സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചു കൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ എന്നാണ് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്.