പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന പുതിയ സിനിമയാണ് സ്പിരിറ്റ്. ബോളിവുഡില്‍ വമ്പന്‍ വിജയമായ അനിമലിന് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന സിനിമ ഇന്ത്യന്‍ ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. ഈ വര്‍ഷം അവസാനത്തോടെയാകും ഷൂട്ടിങ് ആരംഭിക്കുക.
ഇപ്പോഴിതാ സിനിമയിലെ പ്രഭാസിന്റെ ലുക്ക് പുറത്താകാതിരിക്കാന്‍ നടനോട് 6 മാസത്തേക്ക് പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. സിനിമയിലെ താരത്തിന്റെ ലുക്ക് രഹസ്യമായി സൂക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. സിനിമയില്‍ 2 വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് എത്തുന്നതെന്നാണ് വിവരം. പോലീസ് ഗെറ്റപ്പിനൊപ്പം ഒരു സര്‍പ്രൈസ് ഗെറ്റപ്പും സിനിമയില്‍ പ്രഭാസിനുണ്ടെന്നാണ് സൂചന. തൃപ്തി ദിമ്രിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.