ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹത്തിന്റെ അവസാന സിനിമയാകും ഇത്. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. നിലവിൽ രാഷ്ട്രീയ തിരക്കിലാണ് വിജയ്. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എൻറർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കുന്നുണ്ട്. വിജയ്‌യുടെ പാർട്ടി വിജയിച്ചാൽ അദ്ദേഹം സിനിമ ജീവിതം അവസാനിപ്പിക്കും. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാനായി വിജയ് വാങ്ങിയ പ്രതിഫലത്തിനെക്കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്.
ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിൽ 150 കോടി വിജയ്ക്ക് അഡ്വാൻസ് ആയി നൽകിക്കഴിഞ്ഞു. ബാക്കി തുക ഡബ്ബിങ്ങിന് ശേഷം നടന് കൈമാറും എന്നാണ് ട്രാക്കർമാരുടെ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം.
സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ദളപതി കച്ചേരി' എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്.